ഒറ്റ നോട്ടത്തില്‍

 

പഴയ പ്രജാസഭയ്ക്കു ശേഷം തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് ഇലകമണ്‍ പഞ്ചായത്ത്. അതിന് മുമ്പുണ്ടായിരുന്ന ഇലകമണ്‍ വില്ലേജു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീമാന്‍ മുഹമ്മദ് കണ്ണ് ആയിരുന്നു. 1953-ല്‍  ഈ പഞ്ചായത്ത് രൂപം കൊള്ളുമ്പോള്‍ 17.75 ച.കി.മീ വിസ്തീര്‍ണ്ണം ഉണ്ടായിരുന്നു. വടക്കും കിഴക്കും കുന്നുകളുടെ നീണ്ട നിരയും അതിനിടയ്ക്കായി വയല്‍നിരകളും ചരിവുകളും ഇലകമണ്‍ തോടും അയിരൂരാറും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറുഭാഗത്ത് ചരിത്ര പ്രസിദ്ധമായ ഇടവാ നടയറക്കായലും 

ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ്. തിരുവനന്തപുരം ജില്ലയിലെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡണ്ട് ഡോ.കെ.വാസുദേവനും വൈസ് പ്രസിഡണ്ട് വി.എം.അബ്ദുള്‍ഖാദറുമായിരുന്നു. കെടാകുളം കരുണാകരന്‍, കെ.വിദ്യാധരന്‍, കെ.ഗോപാലന്‍, എം.അച്ച്യുതന്‍പിള്ള, കെ.ആര്‍.ഗോപാല പിള്ള എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. 1967-ല്‍ പഞ്ചായത്തോഫീസ് കെട്ടിടം പണി കഴിപ്പിക്കുന്നതിലേക്കായി അബ്ദുള്‍ കരീം എന്ന വ്യക്തി തന്റെ കൈവശത്തിലുണ്ടായിരുന്ന ഭൂമി പഞ്ചായത്തിന് വിട്ടുകൊടുത്തു. അവിടെ പണിത പുതിയ കെട്ടിടം 1968-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1978-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെതുടര്‍ന്ന് കുറച്ചുകാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. ഇപ്പോള്‍ പഞ്ചായത്തോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പിന്നീട് നിര്‍മ്മിതി കേന്ദ്രം പണിതു നല്‍കിയതാണ്. ഐരൂര്‍ ആറ് ഇടവാ നടയറക്കായലില്‍ ചേരുന്നിടത്തായി വിസ്തൃതമായ കായല്‍പുറം പ്രദേശം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നാല്‍ കായലിനു പുറമെ അറബിക്കടലും കാണാന്‍ സാധിക്കും. വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഈ പ്രദേശം അനുയോജ്യമാണ്.